തിരുവനന്തപുരം : ബിപിഎല്‍ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സൗജന്യ വാട്ടര്‍ കണക്ഷന് വേണ്ടിയുള്ള അപേക്ഷയില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. 2021 ലെ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ഉപയോക്‌താക്കള്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.
വാട്ടര്‍ അതോറിറ്റിയില്‍ നിലവില്‍ 15,000 ലിറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്‌താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 30ന് മുന്‍പായി ഉപയോക്‌താക്കള്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. അതേസമയം വാട്ടര്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ അപേക്ഷകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ എന്നാണ് വ്യക്‌തമാക്കുന്നത്.
നിലവില്‍ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ഉപയോക്‌താക്കള്‍ക്ക് ഓഫീസില്‍ നേരിട്ടെത്താനും സാധിക്കുന്നില്ല. ഇക്കാര്യം പരിഗണിച്ചുകൊണ്ട് 2021 ലെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
Read also : ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് രാജ്യത്തിന് സമർപ്പിക്കും; 2280 പേർക്ക് ഒരേസമയം യാത്രചെയ്യാം





































