കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്‌തമാവുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ കളക്‌ടർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് യുവമോർച്ചയും കെഎസ്‌യുവും പ്രതിഷേധം നടത്തി. കളക്‌ട്രേറ്റിന് മുന്നിൽ പോലീസ് സംരക്ഷണം ഒരുക്കിയെങ്കിലും യുവമോർച്ചയുടെ പ്രവർത്തകർ ഗേറ്റിനടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞു.
പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്. ജില്ലാ കളക്‌ടറെ കണ്ട് സംസാരിച്ചതിന് ശേഷമേ മടങ്ങുകയുള്ളൂ എന്ന നിലപാടിലായിരുന്നു പ്രവർത്തകർ. കളക്‌ടർ സ്‌ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യുവമോർച്ചയുടെ പ്രതിഷേധത്തിന് ശേഷമാണ് കെഎസ്‌യു പ്രതിഷേധം ഉണ്ടായത്.
കളക്‌ടർ ചുമതലയിൽ നിന്ന് ഒഴിയുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് കെഎസ്‌യുവിന്റെ നിലപാട്. അതിനിടെ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീത കളക്‌ട്രേറ്റിലെത്തി കളക്‌ടറുടെ മൊഴിയെടുത്തു. ശേഷം യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത രണ്ട് ഡെപ്യൂട്ടി കളക്‌ടർമാരുടെയും ജീവനക്കാരുടെയും സ്‌റ്റാഫ് കൗൺസിൽ അംഗങ്ങളുടെയും മൊഴിയെടുത്തു.
അതേസമയം, കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ അവധി അപേക്ഷ നൽകിയതായാണ് സൂചന. നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ കാരണം. നവീന്റെ കുടുബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കളക്‌ടറുടെ നീക്കം. കണ്ണൂർ കളക്‌ടറുടെ കുമ്പസാരം ഞങ്ങൾക്ക് കേൾക്കേണ്ടെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്.
കളക്‌ടർക്കെതിരെ നവീന്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. എന്നാൽ, നവീൻ ബാബുവിന്റെ കുടുംബത്തിനയച്ച കത്ത് തന്റെ കുറ്റസമ്മതമല്ലെന്ന് കളക്‌ടർ പ്രതികരിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താൻ അല്ലെന്നും പ്രോട്ടോകോൾ പ്രകാരം ദിവ്യയെ തടായാനാകില്ലെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പ്രോട്ടോകോൾ പ്രകാരം ഡെപ്യൂട്ടി സ്‌പീക്കറിനൊപ്പമാണെന്നും കളക്‌ടർ പറഞ്ഞു.
അതിനിടെ, പിപി ദിവ്യക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടനില്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ വീഴ്‌ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പദവിയിൽ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം വിലയിരുത്തൽ. പോലീസിന്റെ അന്വേഷണ റിപ്പോർട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
Most Read| പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി