കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. 53 വയസായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ രാവിലെ 11.30ഓടെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. ബിജു ആന്റണി ആളൂർ എന്നാണ് യഥാർഥ പേര്.
2023 മുതൽ വൃക്ക രോഗത്തിന് ചികിൽസിക്കുന്നുണ്ട്. ഇന്ന് രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. സൗമ്യ കൊലപാതക കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായിരുന്ന 23-കാരിയെ കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് ബലാൽസംഗത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്‌തത്. കൊലയാളി ഗോവിന്ദച്ചാമിക്കെതിരെ കേരളം മുഴുവൻ രോഷം കൊണ്ടപ്പോൾ പ്രതിക്കായി വാദിക്കുമെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയ ആളാണ് ആളൂർ.
ഗോവിന്ദച്ചാമിക്കായി ഹാജരാകുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നെങ്കിലും ആളൂർ പിൻമാറിയില്ല. സുപ്രീം കോടതിയിലെത്തി ഗോവിന്ദച്ചാമിയുടെ കൊലക്കയർ ഒഴിവാക്കിയ ആളൂരിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ ആളൂർ ആയിരുന്നു. പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന് വേണ്ടി ആളൂർ ഹാജരായപ്പോഴും വലിയതോതിൽ ജനരോക്ഷം ഉയർന്നിരുന്നു.
കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി, ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ്, ഇലന്തൂർ നരബലി കേസിലെ പ്രതികൾ, കുപ്രസിദ്ധ മോഷ്‌ടാവ് ദേവീന്ദർ സിങ് എന്ന ബണ്ടി ചോർ തുടങ്ങി കഴിഞ്ഞ ഒന്നരപതിറ്റാണ്ട് കേരളം ചർച്ച ചെയ്‌ത ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും പ്രതികൾക്കായി ഹാജരായത് ആളൂരാണ്.
Most Read| അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കും; റിപ്പോർട് ലഭിച്ചതായി പാക്ക് മന്ത്രി





































