മുംബൈ: അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാനിലെ ഗ്രാമങ്ങൾ. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ റിപ്പോർട് ചെയ്തതോടെയാണ് ആശങ്ക കൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട് ചെയ്തത്. നഖങ്ങൾക്ക് നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് നിലവിലത്തേത്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് അപൂർവരോഗം റിപ്പോർട് ചെയ്തത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ത സാമ്പിളുകളും മറ്റു ശേഖരിച്ചു. 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിൽസയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റി. നഖങ്ങൾ വെള്ള നിറത്തിലേക്ക് പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ് ഗ്രാമങ്ങളിൽ ഉള്ളത്.
ഡോക്ടർമാരും ഗവേഷകരും പരിശോധിച്ച് തിരിച്ചുപോകുന്നതിനപ്പുറം രോഗകാരണം കൃത്യമായി പങ്കുവയ്ക്കുകയോ സർക്കാർ തങ്ങൾക്ക് കാര്യക്ഷമമായ ചികിൽസ നൽകുകയോ ചെയ്യുന്നില്ലെന്ന പരാതി ഗ്രാമീണർ പങ്കുവെച്ചു. മനുഷ്യശരീരത്തിൽ സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അമോൽ ഗിതെ പറഞ്ഞു.
ഉയർന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദഗ്ധ സംഘം നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച് റേഷൻകടകൾ വഴി ബുൽഡാനയിൽ വിതരണം ചെയ്യുന്ന ഗോതമ്പിൽ വലിയ അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ടെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമെന്നും പത്മശ്രീ അവാർഡ് ജേതാവ് ഡോ. ഹിമന്തറാവു ഭാവാസ്കറും കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
Most Read| വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; യുഎസ് നടപടി നേരിടുന്നവരിൽ പകുതിയും ഇന്ത്യക്കാർ