ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് വിഐപി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് സംരക്ഷണ ചുമതല.
മിഥുൻ ചക്രബർത്തിയുടെ വസതിയിലും പരിസരത്തും സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിക്കും. കൂടാതെ, പശ്‌ചിമ ബംഗാളിലെ പ്രചരണ ക്യാംപയിനുകളിൽ മിഥുൻ ചക്രബർത്തിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്‌ഥരും ഉണ്ടാകും.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലാണ് 70കാരനായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നത്. താരത്തിന് ഭീഷണി നിലനിൽക്കുന്നതിനാലാണ് വൈ പ്‌ളസ് വിഐപി സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ പ്രതികരിച്ചു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടമായാണ് ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുക. മുൻപ് ഝാർഖണ്ഡിൽ നിന്നുള്ള ബിജെപി എംപിയായ നിഷികാന്ത് ദുബൈക്കും കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്ത് സിഐഎസ്‌എഫ് സുരക്ഷ ലഭിക്കുന്ന വിഐപികളുടെ എണ്ണം 104 ആയി. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും ഇതിൽ ഉൾപ്പെടും.
Also Read: ജെസ്‌ന ജെയിംസ് തിരോധാനം; അന്വേഷണം സിബിഐ ഏറ്റെടുത്തു







































