ന്യൂഡെൽഹി: കർഷകസമരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുമായി യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സംസ്‌ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അരവിന്ദ് മേനോൻ പറഞ്ഞു.
ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് പോകുന്നത് തടയാൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ബംഗാളിന്റെ തിരഞ്ഞെടുപ്പ് ചുമതല കൂടി വഹിച്ചിരുന്ന ആളാണ് അരവിന്ദ് മേനോൻ. മലയാളിയായ ഇദ്ദേഹത്തിന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ മേൽനോട്ടത്തിലുള്ള യുപി നിയമസഭാ തിരഞ്ഞെടുപ്പ് ടീമിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്‌പുരിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. 62 നിയമസഭാ മണ്ഡലങ്ങൾ ഈ മേഖലയിലുണ്ട്.
കർഷകസമരം വെല്ലുവിളിയാകില്ലെന്ന് അരവിന്ദ് മേനോൻ ആവർത്തിച്ചു. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെയും ഉയർത്തി കാട്ടിയിരുന്നില്ല. ഇത്തവണ മോദിയും യോഗിയുമാണ് മുഖങ്ങൾ. വികസന നേട്ടങ്ങളും ക്രമസമാധാനവും ഉയർത്തിക്കാട്ടി കൂടുതൽ സീറ്റുകളോടെ ബിജെപി ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നും അരവിന്ദ് മേനോൻ പറയുന്നു.
Also Read: നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന നടത്തുമെന്ന് കർണാടക