അഹമ്മദാബാദ്: രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനാപകടം. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിനാണ് അഹമ്മദാബാദ് ഇന്നലെ സാക്ഷ്യംവഹിച്ചത്. അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലായി സ്‌ഥിരീകരിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്‌ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്‌ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്. ഇതിൽ ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന പത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 1.40നായിരുന്നു അപകടം നടന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചു.
അപകട സ്‌ഥലത്ത് നിന്ന് ആശുപത്രികളിൽ എത്തിച്ചവരിൽ 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അൽപ്പസമയം മുൻപ് അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.
എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്. അതിനിടെ, ദുരന്തത്തിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം ധനസഹായം നൽകുമെന്ന് എയർ ഇന്ത്യയുടെ ഉടമസ്‌ഥരായ ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ ചിലവ് പൂർണമായും വഹിക്കുമെന്നും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർനിർമിക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
എന്താണ് അപകട കാരണമെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലെ വ്യക്‌തമാകൂ. അനുവദനീയമായതിനേക്കാൾ കൂടുതൽ ഭാരം വിമാനത്തിൽ ഉണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയിൽ വിമാനത്തിന് പറന്നുയരാൻ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങൾ ഉയർന്നിട്ടുണ്ട്.
തകർന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നു എന്നാണ് റിപ്പോർട്. ഈ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്‌ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യുഎസ് ഫെഡറൽ ഏവിയേഷൻ ഉദ്യോഗസ്‌ഥരും ഇന്ത്യയിലെത്തും.
ഉച്ചയ്‌ക്ക് 1.38നാണ് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പറന്നുയർന്ന് അഞ്ചുമിനിറ്റിനുള്ളിൽ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടൻ വരെയുള്ള യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ