ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് നിർണായമായത് പൈലറ്റുമാർ തമ്മിലുണ്ടായ സംഭാഷണം. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏത് പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്ന് വ്യക്‌തമല്ല.
ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നീളുക. അപകട സൂചന നൽകാതെ പറന്നുയർന്ന വിമാനത്തിന്റെ സ്വിച്ചുകൾ എന്തുകൊണ്ട് ഓഫ് ചെയ്‌തു എന്നതിന്റെ ഉത്തരം നിർണായകമാകും. ടേക്ക് ഓഫിന് മുൻപ് രണ്ട് എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്.
മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽ നിന്ന് ഓഫ് പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ട് പോകാനുള്ള കുതിപ്പ് നഷ്‌ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞു ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞു രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നുവീണു.
വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്‌ജമാക്കാൻ രണ്ടു മിനിറ്റിലേറെ സമയമെടുക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനഃപൂർവം സ്വിച്ചുകൾ ഓഫ് ചെയ്‌തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ? ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്‌തമാകൂ.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!