ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ക്യാപ്റ്റനെ പ്രതി സ്‌ഥാനത്ത് നിർത്തുന്ന റിപ്പോർട്ടുമായി അമേരിക്കൻ മാദ്ധ്യമമായ വാൾസ്‌ട്രീറ്റ് ജേണൽ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്‌തത് ക്യാപ്റ്റനാണെന്നുമുള്ള സൂചനയാണ് റിപ്പോർട് നൽകുന്നത്.
വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘത്തിൽ ലഭ്യമായ തെളിവുകൾ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്‌പിറ്റിൽ നടന്ന സംഭാഷണത്തിന്റെ ശബ്‌ദരേഖ ബ്ളാക്ക് ബോക്‌സ് പരിശോധനയിലൂടെ നേരത്തെ ലഭ്യമായിരുന്നു.
എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് എന്തിനാണ് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന് അയാൾ മറുപടിയും പറയുന്നു. ഇത് ആര് ആരോട് പറഞ്ഞു എന്നത് സംബന്ധിച്ച് പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നില്ല. എന്നാൽ, വിമാനത്തിലെ ഫസ്‌റ്റ് ഓഫീസറായ ക്ളൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽ സ്വിച്ച് കട്ട് ഓഫ് ചെയ്‌തെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്‌ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.
15,638 മണിക്കൂർ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമീത് സഭർവാൾ. വിമാനത്തിലെ ഫസ്‌റ്റ് ഓഫീസറായ ക്ളൈവ് കുന്ദറിന് 3403 മണിക്കൂർ വിമാനം പരത്തിയ പരിചയവുമുണ്ട്. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ കൂടുതൽ പ്രവൃത്തി പരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്‌റ്റ് ഓഫീസറാണ് താങ്കൾ ഫ്യുവൽ സ്വിച്ച് കട്ട് ഓഫ് ചെയ്‌തതെന്ന ചോദ്യം ചോദിച്ചതെന്നാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
അതേസമയം, വാൾസ്‌ട്രീറ്റ് ജേണലിന്റെ റിപ്പോർട് സംബന്ധിച്ച് ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി), എയർ ഇന്ത്യ, പൈലറ്റുമാരുടെ രണ്ട് സംഘടനകൾ എന്നിവരോട് പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്‌ക്ക് 1.39നായിരുന്നു സംഭവം. അപകടത്തിൽ 260 പേരാണ് മരിച്ചത്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്








































