അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ട് ഗുജറാത്ത് ആരോഗ്യവകുപ്പ്. വിമാനാപകടത്തിൽ 275 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. ഇതിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. 34 പേർ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അപകടത്തിൽ ആകെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കേന്ദ്ര സർക്കാർ നടത്തിയിരുന്നില്ല. ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം മാത്രമേ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
260 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരിൽ 120 പുരുഷൻമാരും 124 സ്‌ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ തിരിച്ചറിയൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നു വീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു.
അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തകരുകയും ചെയ്‌തിരുന്നു. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ (ഡിജിസിഎ) നിർദ്ദേശിച്ചിരുന്നു.
ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് മുതിർന്ന ഉദ്യോഗസ്‌ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദ്ദേശം. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ഇവർക്കെതിരെയുള്ള അഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, അപകടകാരണം സംബന്ധിച്ച് ഇതുവരെ വ്യക്‌തതയില്ല. വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സ് പരിശോധിക്കുകയാണ്.
Most Read| ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ