അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്‌സ് മരിച്ചതായി വിവരം. പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്‌ജിത ആർ നായർ (39) ആണ് മരിച്ചത്. യുകെയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.
നൂറിലേറെ പേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം, വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കി. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകൾ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു.
”അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തു. വാക്കുകൾക്ക് വിവരിക്കാനാവാത്തവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ ദുരന്തം ബാധിച്ച എല്ലാവരോടും ഒപ്പമാണ്. ദുരന്തബാധിതരെ സഹായിക്കാനായി രംഗത്തുള്ള മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.”- മോദി ട്വീറ്റ് ചെയ്‌തു.
അപകടത്തിന്റെ പശ്‌ചാത്തലത്തിൽ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്.
വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികളാണ്. 53 പേർ ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്ക് പുറമെ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശിയും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇതിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സൂചന. 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.
അതേസമയം, വിമാനത്താവളത്തിന് സമീപമുള്ള മേഘാനി പ്രദേശത്താണ് വിമാനം തകർന്നു വീണതെന്നാണ് റിപ്പോർട്. ഇവിടെ ഇന്റേൺ ഡോക്‌ടർമാർ താമസിക്കുന്ന ഹോസ്‌റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. ഹോസ്‌റ്റലിൽ ഡോക്‌ടർമാർ ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം. ഇവരിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല.
ഉച്ചയ്‌ക്ക് 1.38നാണ് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പറന്നുയർന്ന് അഞ്ചുമിനിറ്റിനുള്ളിൽ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു. ലണ്ടൻ വരെയുള്ള യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം.
Most Read| ഇസ്രയേൽ ഇറാനെ ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; യുഎസ് കനത്ത ജാഗ്രതയിൽ





































