അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ നിന്ന് ഒരാൾ അത്‌ഭുതകരമായി രക്ഷപ്പെട്ടെന്ന് സൂചന. വിമാനത്തിലെ എമർജൻസി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടിയ രമേശ് വിശ്വാഷ് കുമാർ എന്ന 40 വയസുകാരനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉൾപ്പടെ ബാക്കി 241 പേരും മരിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്‌ജിത ആർ നായരും (39) വിമാനത്തിൽ ഉണ്ടായിരുന്നു. യുകെയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്‌ജിത.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്‌ക്ക് 1.43നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
യാത്രക്കാരിൽ 61 പേർ വിദേശികളാണെന്നാണ് വിവരം. 53 യുകെ പൗരൻമാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും യാത്രക്കാരിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇതിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് വിവരം. അതേസമയം, വിമാനത്താവളത്തിന് സമീപമുള്ള മേഘാനി പ്രദേശത്താണ് വിമാനം തകർന്നു വീണതെന്നാണ് റിപ്പോർട്.
ഇവിടെ ഇന്റേൺ ഡോക്‌ടർമാർ താമസിക്കുന്ന ഹോസ്‌റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. ഹോസ്‌റ്റലിൽ ഡോക്‌ടർമാർ ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം. ഇവരിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. ഉച്ചയ്‌ക്ക് 1.38നാണ് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പറന്നുയർന്ന് അഞ്ചുമിനിറ്റിനുള്ളിൽ വിമാനം ഒരു തീഗോളമായി മാറി താഴേക്ക് പതിക്കുകയായിരുന്നു.
ലണ്ടൻ വരെയുള്ള യാത്രയുള്ളതിനാൽ ഇന്ധന ടാങ്കും നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ആഘാതം കൂട്ടി. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം. അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.
പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്‌ജിത ഒമാനിൽ നഴ്‌സായിരുന്നു. അടുത്താണ് യുകെയിൽ ജോലി ലഭിച്ചത്. ജോലിയിൽ പ്രവേശിക്കാനായി പോകുമ്പോഴായിരുന്നു ദുരന്തം. കഴിഞ്ഞദിവസം വൈകീട്ടാണ് വീട്ടിൽ നിന്ന് രഞ്‌ജിത അഹമ്മദാബാദിലേക്ക് പോയത്. മക്കൾ ഇന്ദുചൂഡൻ (പത്താം ക്ളാസ് വിദ്യാർഥി), ഇതിക (ഏഴാം ക്ളാസ് വിദ്യാർഥിനി).
അപകടത്തിൽപ്പെട്ട വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ രൂപാണി ഉണ്ടായിരുന്നെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്‌ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മക്കളെയും കാണാൻ പോവുകയായിരുന്നു രൂപാണി. ഗുജറാത്തിന്റെ 16ആംമത് മുഖ്യമന്ത്രിയായിരുന്നു. ഭാര്യ: അഞ്‌ജലി രൂപാണി. മക്കൾ, പുജിത്, ഋഷഭ്, രാധിക.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!