അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് രഞ്‌ജിതയുടെ സാമ്പിളുകൾ പരിശോധിച്ചത്. നേരത്തെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. രഞ്‌ജിതയുടെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കുമെന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട് രാവിലെ 11ന് എത്തിക്കും. തുടർന്ന് രഞ്‌ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ ഉച്ചയ്‌ക്ക് 2.30വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം നാളെ വൈകീട്ട് 4.30ന് വീട്ടവളപ്പിൽ നടക്കും. അപകടം നടന്ന് 11ആം ദിവസമാണ് രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് ജനവാസ മേഖലയിൽ തകർന്നു വീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു.
അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തകരുകയും ചെയ്‌തിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും മരിച്ചിരുന്നു. ഒരാൾ രക്ഷപ്പെട്ടു. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരും സാധാരണക്കാരും അപകടത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ, മൊത്തം മരണസംഖ്യ എത്രയെന്നതിൽ ഇപ്പോഴും അവ്യക്‌തത തുടരുകയാണ്.
സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്‌ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. രഞ്‌ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ളാസിലും മകൾ ഇതിക ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്. അമ്മ തുളസിക്കൊപ്പമാണ് ഇവർ. രഞ്‌ജിതയുടെ പിതാവ് ഗോപകുമാരൻ നായർ അഞ്ചുവർഷം മുൻപ് മരിച്ചു.
Most Read| രാഷ്‌ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ വിജയം ആദ്യ ഡോസ്