ന്യൂഡെൽഹി: നിർമിതബുദ്ധി (എഐ) യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിലുപരിയായി അത് മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നൈപുണ്യമുള്ളവരുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ എഐ ഉച്ചകോടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
എഐയുടെ വേഗം അഭൂതപൂർവവും വ്യാപ്‌തി അപ്രതീക്ഷിതവുമാണ്. മുൻപ് സാങ്കേതികവിദ്യയുടെ സ്വാധീനം ദൃശ്യമാകാൻ പതിറ്റാണ്ടുകൾ എടുക്കുമായിരുന്നു. എന്നാൽ, ഇന്നത്തെ സാങ്കേതിക വിദ്യയുടെ മാറ്റം എന്നത്തേക്കാളും വേഗമേറിയതും ആഴമേറിയതും വിപുലവുമാണെന്നും മോദി പറഞ്ഞു.
യുവാക്കൾ എസ്ഐയെ സ്വീകരിക്കുന്നതും അതിലേക്കെത്തുന്ന വേഗവും പ്രശംസനീയമാണ്. എഐയെക്കുറിച്ച് നമുക്ക് വലിയൊരു കാഴ്‌ചപ്പാടും ഉത്തരവാദിത്തവും വേണം. നിലവിലെ തലമുറയ്‌ക്കൊപ്പം വരും തലമുറകൾക്ക് ഏത് തരത്തിലുള്ള എഐ ആണ് കൈമാറുന്നത് എന്നതിനെ കുറിച്ചും ആശങ്കയുണ്ടാകണം.
എഐക്ക് ഭാവിയിൽ എന്തുചെയ്യാൻ കഴിയും എന്നതല്ല ഇന്നത്തെ യഥാർഥ ചോദ്യം. മറിച്ച്, വർത്തമാനകാലത്ത് എഐ ഉപയോഗിച്ച് നമ്മൾ എന്ത് ചെയ്യുന്നു എന്നതാണ്. ഇത്തരം ചോദ്യങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ഏറ്റവും ശക്‌തമായ ഉദാഹരണം ആണവോർജമാണ്. അതിന്റെ നാശവും നല്ലവശവും ലോകം കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
ലോകത്തെ മറ്റു രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചതായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. പത്തുവർഷങ്ങൾക്ക് മുൻപ് മുംബൈയിലെ ഒരു തെരുവുകച്ചവടക്കാരന് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നു. എന്നാൽ, ഇന്ന് കച്ചവടക്കാർ പണം കൈപ്പറ്റുന്നത് ഫോണിലൂടെയാണെന്നും മാക്രോൺ പറഞ്ഞു.
ഭാരത് മണ്ഡപത്തിൽ നടക്കുന്ന അഞ്ചുദിവസത്തെ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ 500ലധികം ആഗോള എഐ കമ്പനി മേധാവികൾ അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. ഇന്ന് ഓപ്പൺ എഐ സ്‌ഥാപകൻ സാം ആൾട്ട്മാൻ മുതൽ ആന്തോപിക് സിഇഒ അമൊഡെയ് വരെയുള്ള വമ്പൻമാർ അണിനിരക്കും.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































