അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ് ഇതുവരെ സ്‌ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. ദുരന്തത്തിൽ നിന്ന് അതിജീവിച്ച വിശ്വാസ് കുമാറിനും എയർ ഇന്ത്യ 25 ലക്ഷംരൂപ നഷ്‌ടപരിഹാരം നൽകും. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ഊഹാപോഹങ്ങളും കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു തള്ളിക്കളഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അവലോകനം ചെയ്യുന്നതിനായി തിങ്കളാഴ്‌ച ഉന്നതതല സമിതി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എസ്എൻജി, എൻഡിആർഎഫ്, ഇന്ത്യൻ വ്യോമസേന, ഫയർ ആൻഡ് റെസ്‌ക്യൂ, ഫൊറൻസിക് സയൻസ് ലബോറട്ടറി, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ, ഡിജിസിഎ, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ അപകട സ്‌ഥലം പരിശോധിച്ചു.
അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തിരുന്നു. അതിനിടെ, വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787-8, 787-9 വിമാനങ്ങളുടെയും സുരക്ഷാ പരിശോധനകൾ വർധിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 1.40നായിരുന്നു അപകടം നടന്നത്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ