അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്‌ധർ ഇന്ത്യയിലെത്തി. സംഘം ഉടൻ അപകടസ്‌ഥലം സന്ദർശിക്കും. വിമാനാപകടത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡ് രാജ്യാന്തര പ്രോട്ടോക്കോളുകൾക്ക് കീഴിൽ സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. ബോയിങ് 787-8 ഡ്രീംലൈനർ 2023 ജൂണിൽ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകൾക്ക് വിധേയമായിരുന്നതായാണ് അധികൃതർ പറയുന്നത്. ഡിസംബറിൽ അടുത്തഘട്ട പരിശോധനയും ഷെഡ്യൂൾ ചെയ്‌തിരുന്നുവെന്നും എയർലൈൻ ഉദ്യോഗസ്‌ഥർ പറഞ്ഞു.
അതിനിടെ, എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർധിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്. എയർ ഇന്ത്യക്ക് 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമുണ്ട്. ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നു വീണത്.
മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തകരുകയും ചെയ്‌തിരുന്നു.
Most Read| ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം