തിരുവനന്തപുരം: മസ്കത്തിൽ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി കമ്പനി അല്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് ഇ-മെയിൽ സന്ദേശം വഴി കൂടുംബത്തെ അറിയിച്ചു.
ആൻജിയോപ്ളാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയിലായ രാജേഷിനെ കാണാൻ മസ്കത്തിലേക്ക് പോകാൻ ഭാര്യ ടിക്കറ്റ് എടുത്തിരുന്നെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം സാധിച്ചില്ല. സമരം മൂലം രണ്ടു ദിവസമാണ് ഭാര്യ അമൃതയുടെ യാത്ര മുടങ്ങിയത്. ഭർത്താവിനെ പരിചരിക്കാൻ എത്രയും പെട്ടെന്ന് മസ്കത്തിൽ എത്തണമെന്ന് രാജേഷ് ജോലി ചെയ്തിരുന്ന സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമൃത ടിക്കറ്റ് ബുക്ക് ചെയ്തത്.
എന്നാൽ, യാത്ര മുടങ്ങിയിട്ടും ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുകയോ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് തരപ്പെടുത്തുകയോ എയർ ഇന്ത്യ എക്സ്പ്രസ് ചെയ്തില്ല. മേയ് 13ന് നമ്പി രാജേഷ് മരിച്ചു. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ചു. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ തുടർന്ന് ആവശ്യം വ്യക്തമാക്കി ഇ-മെയിൽ അയക്കാൻ വിമാനക്കമ്പനി ഉദ്യോഗസ്ഥർ കുടുംബത്തോട് നിർദ്ദേശിച്ചു.
അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ അത്താണിയായ ഭർത്താവിന്റെ അകാല വിയോഗത്തെ തുടർന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസിന് അയച്ച മെയിലിൽ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കിൽ ഭർത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ, മരണത്തിന് ഉത്തരവാദി കമ്പനിയല്ലെന്ന് മറുപടി അയച്ച് വിഷയത്തിൽ നിന്ന് കൈയൊഴിഞ്ഞിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
Most Read| കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു








































