ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ടേക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ഡെൽഹിയിൽ തിരിച്ചിറക്കിയത്. എഐ2913 വിമാനമാണ് തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത വിമാനം, പറന്നുയർന്ന ഉടൻ തന്നെ തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു എൻജിനിൽ നിന്നാണ് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
സാങ്കേതിക തകരാർ സ്‌ഥിരീകരിച്ചതിനെ തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു. യാത്രക്കാരെ ഉടൻ തന്നെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും അവർ ഇൻഡോറിലേക്ക് യാത്ര തുടരുകയും ചെയ്‌തു. സംഭവത്തെ കുറിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.
Most Read| ‘പ്രധാനമന്ത്രിയുടെ ജനപ്രീതി കുറയുന്നു; സർക്കാരിന്റെ പ്രകടനത്തിലും ഇടിവ്’