അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. 53 പേർ ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്ക് പുറമെ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശിയും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇതിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സൂചന. 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ 133 പേർ മരിച്ചതായാണ് ആദ്യവിവരം. ഇതിൽ 40 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നിരവധിപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഒരു മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. നിരവധി എംബിബിഎസ് വിദ്യാർഥികൾക്ക് പാർക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്ന രക്ഷാദൗത്യം തുടരുകയാണ്.
Most Read| ഇസ്രയേൽ ഇറാനെ ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; യുഎസ് കനത്ത ജാഗ്രതയിൽ