കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്‌റ്റാർട്ടപ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോയെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്‌നം അറിഞ്ഞപ്പോൾ മുതൽ അത് വനംവകുപ്പിന്റെയും സർക്കാരിന്റെയും വീഴ്‌ചയായി പ്രയോജനപ്പെടുത്താനും പ്രതിഷേധങ്ങൾ നടത്താനുമാണ് ദൗർഭാഗ്യവശാൽ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഇപ്പോൾ വനംവകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെൻസിങ് കെട്ടാറില്ല.
നിലമ്പൂരിലെ തിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തിയതാണ്. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കിയതാണെന്ന സംശയമുണ്ട്. പ്രദേശവാസികൾ പറയുന്നത് രാവിലെ അവിടെ ഫെൻസിങ് ഇല്ലായിരുന്നു എന്നാണ്. വൈകിട്ടാണ് ഫെൻസിങ് വന്നത്. ഉടമസ്‌ഥനും ഫെൻസിങ്ങിനെ പറ്റി അറിയില്ല. അപ്പോൾ ഇതാര് ചെയ്‌തു, എന്തിന് ചെയ്‌തു, എങ്ങനെ ചെയ്‌തു, എന്തായിരുന്നു ലക്ഷ്യം. ഒരു രാഷ്‌ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കും.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചില മാദ്ധ്യമങ്ങളുടേതും. ആ നിലപാട് പുനഃപരിശോധിക്കും. തിരഞ്ഞെടുപ്പ് കാലമാണ്, അതിന്റെ ഗുണഭോക്‌താക്കൾ ആരാണെന്ന് അറിയാമല്ലോ, ആ ഗുണഭോക്‌താവിന്റെ താൽപര്യം സംരക്ഷിക്കാൻ ആരെങ്കിലും ചെയ്‌തതാണോ എന്ന സംശയമുണ്ട്. നിലമ്പൂരിൽ ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!