തിരുവനന്തപുരം: മന്ത്രി സ്‌ഥാനത്ത് നിന്ന് എകെ ശശീന്ദ്രനെ ഉടനെ മാറ്റില്ല. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും എൻസിപി നേതാക്കളോട് കാത്തിരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ, മന്ത്രി എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് തീരുമാനം.
തോമസ് കെ തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ശരത് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്‌ഥിതിയിലായിരുന്നു സംസ്‌ഥാന നേതൃത്വം. ഇതോടെ, മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ.
പക്ഷേ, കൂടിക്കാഴ്‌ച നീളുകയായിരുന്നു. തോമസ് കെ തോമസിനെ കാബിനറ്റിലേക്ക് കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രിക്ക് അത്ര താൽപ്പര്യം ഇല്ലായിരുന്നുവെന്നാണ് വിവരം. എന്നാൽ, മന്ത്രിസ്‌ഥാനം പാർട്ടിയുടെ ആഭ്യന്തര കാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നായിരുന്നു ചാക്കോയുടെ നിലപാട്.
എന്നാൽ, പാർട്ടി, കേന്ദ്ര, സംസ്‌ഥാന നേതൃത്വങ്ങൾ കൈവിട്ടതോടെ മന്ത്രിസ്‌ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കിലും മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോൽസാഹിപ്പിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു എകെ ശശീന്ദ്രൻ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു. ഇതോടെ, രണ്ടരവർഷം കഴിഞ്ഞ് മാറണമെന്ന ഉപാധി വെച്ചു. അതിനും ശശീന്ദ്രൻ വഴങ്ങിയില്ല. സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി.
എന്നാൽ, അടുത്തിടെ ശശീന്ദ്രൻ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ തോമസുമായി പിസി ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ്, തോമസ് കെ തോമസ് മന്ത്രി സ്‌ഥാനത്തിന് വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരുടെ പിന്തുണ കൂടി നേടിയാണ് തോമസിന്റെ ശശീന്ദ്രനെതിരായ പടയൊരുക്കം. രണ്ടരവർഷമെന്ന കരാർ നിലവിലില്ലെന്ന് ഇതുവരെ പറഞ്ഞ സംസ്‌ഥാന നേതൃത്വം ഇപ്പോൾ തിരക്കിട്ട് തന്നോട് ഒഴിയാൻ പറയുന്നതിൽ അനീതിയുണ്ടെന്നായിരുന്നു ശശീന്ദ്രന്റെ ആരോപണം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്