കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഗൂഢാലോചന ഉണ്ടായെങ്കിൽ തെളിവ് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും മന്ത്രിയുടെ പ്രസ്‌താവന വിവാദമാവുകയും ചെയ്‌തതിന് പിന്നാലെയാണ് ശശീന്ദ്രന്റെ പിൻമാറ്റം. തന്റെ പ്രസ്‌താവന മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് മന്ത്രിയുടെ വാദം. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കരുതെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, വനംമന്ത്രിയുടെ പ്രസ്‌താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്‌തി അറിയിച്ചു. മന്ത്രിയെ നേരിട്ട് വിളിപ്പിച്ചാണ് പിണറായി നീരസം പ്രകടിപ്പിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കും വിധത്തിലാണ് ശശീന്ദ്രന്റെ പ്രസ്‌താവനയെന്നും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തതുപോലെയാണ് മന്ത്രിയുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!