പാലക്കാട്: ജില്ലയിലെ അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിക്കുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്. പതിനായിരത്തോളം അംഗങ്ങളാണ് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിലുള്ളത്. ഈ അംഗങ്ങളല്ലാതെ പുറത്തു നിന്നും ആളുകൾ വോട്ട് ചെയ്യാൻ എത്തിയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. എന്നാൽ സിപിഎം ഈ ആരോപണം നിഷേധിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ അകത്തേത്തറ സർക്കാർ യുപി സ്കൂളിൽ വച്ചാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 10ആം തീയതി നേരത്തെ നിശ്ചയിച്ച തിരഞ്ഞെടുപ്പ് മുടങ്ങിയതോടെ, ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് മുടങ്ങിയ വിവരം ഹൈക്കോടതിയിൽ അറിയിച്ച ശേഷമാകും പുതിയ തീയതി പ്രഖ്യാപിക്കുക.
Read also: വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി




































