പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചതായാണ് വിവരം. പത്തനംതിട്ട പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
വിദ്യാർഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷിക്കാൻ താൻ മറന്നുപോയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഇതേത്തുടർന്ന് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാർഥിയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്.
ഇന്ന് രാവിലെയാണ് പത്തനംതിട്ട പോലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20കാരനായ വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പത്തനംതിട്ട തൈക്കാട് സ്കൂളിലെ പരീക്ഷാ ഹാളിൽ ഇന്നലെയായിരുന്നു സംഭവം.
ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കേസെടുത്ത വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ, ഇതിലെ ഡിക്ളറേഷൻ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരായിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്. അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു.
എന്നാൽ, ഡിക്ളറേഷൻ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണ വിധേയനായ വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. പത്തനംതിട്ടയിൽ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഡോ. മഹേഷ് ആണ് വിവരം പോലീസിൽ അറിയിച്ചത്. ഒരുമണിക്കൂറോളം പരീക്ഷ എഴുതിയതിന് ശേഷമാണ് വിദ്യാർഥിയെ വിലക്കിയത്.
Most Read| ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം