ആലപ്പുഴ: ആലപ്പുഴയിൽ 22 വയസുകാരിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിനി ആസിയയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാല് മാസം മുമ്പായിരുന്നു ആസിയയുടെയും മുനീറിന്റെയും വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്‌നീഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്.
ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഭർത്താവിന്റെ വീട്ടിലെത്തുന്നത്. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. മരിക്കുന്നതിന് മുൻപ് ആസിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മരണത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നു എന്നുമാണ് ആസിയ കുറിച്ചത്.
അതേസമയം, സ്‌റ്റാറ്റസ് ഇട്ടത് ആസിയ തന്നെയാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹത്തിന് ഒരുമാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്. ഇതോടെ ആസിയ കടുത്ത മാനസിക വിഷമത്തിലായിരുന്നു. മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Most Read| സിദ്ദിഖിന്റെ രാജി, അമ്മയിൽ പ്രതിസന്ധി; എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ