വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു നേതാക്കളും ഉപദേശകാരില്ലാതെ നേരിട്ടാകും ചർച്ച.
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്‌ച നടത്തുമ്പോൾ യുക്രൈൻ യുദ്ധത്തിന്റെ ഭാവി മാത്രമല്ല അവിടെ കുറിക്കപ്പെടുന്നത്. ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളുടെ ഭാവി തീരുമാനങ്ങളെ കൂടി സ്വാധീനിക്കുന്ന നിർണായക നടപടികൾ കൂടിയായിരിക്കും.
ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കവേ, കൂടിക്കാഴ്‌ച വിജയകരമാവുമോ അതോ പരാജയത്തിൽ അവസാനിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. നേതാക്കൻമാർ തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ പ്രതിനിധി സംഘം തമ്മിലും ചർച്ച നടക്കും. ഇരു രാജ്യങ്ങളിൽ നിന്ന് അഞ്ചുപേർ വീതം പങ്കെടുക്കും. തുടർന്ന് ഉച്ചഭക്ഷണവും സംയുക്‌ത വാർത്താ സമ്മേളനവും ഉണ്ടാകും. റഷ്യൻ സംഘം ഇന്ന് തന്നെ മടങ്ങും.
തീരുവ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താൽപര്യങ്ങളെ അലാസ്‌ക കൂടിക്കാഴ്‌ച എങ്ങനെ ബാധിക്കും എന്നത് നിർണായകമാണ്. യുക്രൈൻ യുദ്ധം സംബന്ധിച്ച് കൈക്കൊള്ളുന്ന ഏത് തീരുമാനവും ട്രംപിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ മുന്നോട്ട് പോക്കിനെയും ബാധിക്കും. യുദ്ധം അവസാനിപ്പിക്കാനായാൽ ട്രംപിന് നൊബേൽ സമ്മാനമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുക്കാനുമാകും.
അതേസമയം, യുക്രൈനിൽ റഷ്യൻ താൽപര്യങ്ങൾക്ക് ട്രംപ് വഴങ്ങിയാൽ അത് യൂറോപ്പിൽ പുതിയ ചേരിതിരിവിനും കാരണമായേക്കാം. എന്നാൽ, സുപ്രധാന തീരുമാനങ്ങളിലേക്കൊന്നും എത്താതെ കൂടിക്കാഴ്‌ച പരാജയമാകും എന്നാണ് ട്രംപ് വിമർശകരുടെ പക്ഷം. ഇരു നേതാക്കളുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള വൈരുധ്യവും ആശങ്കയ്‌ക്ക് ആഴംകൂട്ടുന്നുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ