നടൻ അല്ലു അർജുൻ അറസ്‌റ്റിൽ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിലാണ് നടൻ അല്ലു അർജുൻ അറസ്‌റ്റിലായത്. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയത് കാരണമാണ് വലിയ തിരക്കുണ്ടായതെന്നാണ് ആക്ഷേപം.

By Senior Reporter, Malabar News
Ajwa Travels

ഹൈദരാബാദ്: പുഷ്‌പ 2 സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്‌റ്റിൽ. തിയേറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയത് കാരണമാണ് വലിയ തിരക്കുണ്ടായതെന്നാണ് ആക്ഷേപം. തുടർന്ന് പോലീസ് കേസെടുത്തിരുന്നു.

ഈ മാസം നാലിനാണ് അല്ലു അർജുൻ തിയേറ്ററിൽ എത്തിയത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് അല്ലു അർജുനെ കസ്‌റ്റഡിയിൽ എടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്‌. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് അല്ലു അർജുനെതിരെ ചുമത്തിയതെന്നാണ് വിവരം. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം, അറസ്‌റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്.

ബിആർഎസ് നേതാവ് കെടി രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്‌റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം. ജൂബിലി ഹിൽസിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘം അല്ലുവിനെ അറസ്‌റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്‌തി അറിയിച്ചു.

ഭാര്യ സ്‌നേഹ റെഡ്‌ഡിയും പിതാവ് അല്ലു അരവിന്ദും പോലീസ് സംഘവുമായി തർക്കമുണ്ടായി. അതിനിടെ, തെലങ്കാന സ്‌പെഷ്യൽ പോലീസിന്റെ സ്‌പെഷ്യൽ ടാക്‌സ് ഫോഴ്‌സ് അല്ലുവിനെ അറസ്‌റ്റ് ചെയ്‌ത്‌ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. നടനെ എത്തിച്ച ചിക്കഡപ്പള്ളി പോലീസ് സ്‌റ്റേഷന് മുന്നിൽ താരത്തിന്റെ ആരാധകർ പ്രതിഷേധവുമായി തടിച്ചുകൂടി.

താരത്തിനെ വൈദ്യപരിശോധനക്കായി എത്തിച്ച ഗാന്ധി ആശുപത്രിയിലും ആരാധകർ തടിച്ചുകൂടിയിരുന്നു. തിരക്കിലുംപെട്ട് ഒരു സ്‌ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് താരത്തിന്റെ അറസ്‌റ്റ്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് അല്ലു അർജുൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. വസ്‌തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ ഉണ്ടായിരുന്നതായും ഹരജിയിൽ വ്യക്‌തമാക്കി.

ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പമാണ് രേവതി ചിക്കഡ്‌പള്ളിയിലുള്ള തിയേറ്ററിൽ രാത്രി സിനിമ കാണാനെത്തിയത്. പത്തരയോടെ ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി.

ശ്വാസംമുട്ടി തളർന്നു വീണ സ്‌ത്രീക്ക് പ്രാഥമിക ചികിൽസ നൽകിയെങ്കിലും ഫലമുണ്ടായില്ല. നടൻ വരുന്ന കാര്യം തിയേറ്റർ അധികൃതർ നേരത്തെ അറിയിക്കുകയോ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്‌തിരുന്നില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അല്ലു അർജുനെയും തിയേറ്റർ ഉടമകളെയും പ്രതിചേർത്ത് പോലീസ് കേസെടുത്തത്.

Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE