ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. പൂച്ചെട്ടികൾ തകർത്തു. ഓസ്‌മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ ആണെന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്.
പുഷ്‌പ 2 സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല.
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്‌ക്കിടെ ആണ് തിക്കിലും തിരക്കിലുംപെട്ട് ആന്ധ്ര സ്വദേശിയായ രേവതി (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. മരിച്ച സ്‌ത്രീയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്‌ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്‌ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയേറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യക്കാണ് പോലീസ് കേസെടുത്തത്. തിയേറ്റർ ഉടമകളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച അല്ലു അർജുൻ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വരുന്നതിന് മുൻപ് പോലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്‌റ്റ് ചെയ്‌തു. ഡിസംബർ 13ന് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്‌ചത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’