ചെന്നൈ: അംബാസമുദ്രം കസ്റ്റഡി പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. എഎസ്പി ബൽവീർ സിംഗിനെതിരായ നടപടിക്കാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് പത്തിനാണ് അതിക്രൂരമായ കസ്റ്റഡി പീഡനം നടന്നത്. പ്രായപൂർത്തിയാവാത്ത ആളുകൾക്ക് അടക്കം മർദ്ദനം നേരിട്ടിരുന്നു.
കസ്റ്റഡിയിൽ ആയവരുടെ വായിൽ കല്ലുകൾ കുത്തിനിറച്ച ശേഷം കവിളത്തടിക്കുകയും ഐപിഎസ് ഉദ്യോഗസ്ഥൻ പ്രതികളുടെ ജനനേന്ദ്രിയത്തിൽ മർദ്ദിക്കുകയും കട്ടിങ് പ്ളെയർ കൊണ്ട് പ്രതികളുടെ പല്ലുകൾ പറിച്ചെടുക്കുന്നത് അടക്കമുള്ള അതിക്രമങ്ങളാണ് ഏറെ വിവാദമായ കസ്റ്റഡി പീഡനത്തിൽ നടന്നത്. ഏപ്രിൽ മാസത്തിൽ ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഗുരുതരമായ ആക്രമണത്തിനിരയായ സുഭാഷ് എന്നയാളുടെ പരാതിയിലായിരുന്നു ഇത്.
ഐപിസി 323, 324 501(1) അടക്കമുള്ള വകുപ്പുകളാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ തമിഴ്നാട് ഡിജിപി ശൈലേന്ദ്രബാബു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പി അമുധ ഐഎഎസിന്റെ ഇടക്കാല റിപ്പോർട് വന്നതിന് പിന്നാലെയായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. തമിഴ്നാട് സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായി രൂക്ഷ വിമർശനം ഉയരാൻ കേസ് കാരണമായിരുന്നു.
2020 ബാച്ച് ഐപിഎസ് ഓഫിസറായ ബൽവീർ സിംഗിനെ കേസിന് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു. അംബാസമുദ്രം സബ് ഡിവിഷണൽ എഎസ്പി ആയിരുന്ന സമയത്തായിരുന്നു ഉദ്യോഗസ്ഥന്റെ അതിക്രമം. കുറ്റവാളികളെന്ന് സംശയിക്കുന്ന 15 പേരുടെ പല്ലുകൾ പറിച്ചെടുത്തതിനാണ് കേസ്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വന്നതിന് പിന്നാലെ അന്വേഷണ സംഘം ഉദ്യോഗസ്ഥനെതിരായ കുറ്റപത്രം സമർപ്പിക്കും.
കസ്റ്റഡി പീഡനത്തിനിരയായ 12ഓളം പേരുടെ മൊഴികളും ശാസ്ത്രീയ പരിശോധനകളും പൂർത്തിയായിരുന്നു. വിക്രമസിംഗപുരം സ്റ്റേഷനിലെ സിസിടിവി സ്ഥാപിക്കാത്ത മുറിയിൽ വെച്ചായിരുന്നു മർദ്ദനവും പീഡനവും. എഎസ്പിയെ കൂടാതെ എസ്ഐ മുരുകേശനും ആറ് പോലീസുകാരും സംഭവ സമയത്ത് മുറിയിൽ ഉണ്ടായിരുന്നു.
Most Read| ‘ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു’; ലോകാരോഗ്യ സംഘടന







































