തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് കുട്ടി. ആശുപത്രിയിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട് രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞമാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗം ബാധിച്ച് മരിച്ചിരുന്നു. അനയയുടെ സഹോദരങ്ങൾ ചികിൽസയിലാണ്.
മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണമുണ്ടായത്. ഇതിനിടെ, അപൂർവ മസ്‌തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്‌തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന 17 വയസുകാരൻ ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട് ചെയ്യപ്പെട്ട രണ്ട് മസ്‌തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ചയാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്.
ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിൽസയിൽ ആയിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്‌ചാർജ് ചെയ്‌തത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി