ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നിന്നുള്ള എംപിമാർ അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയത്.
ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. കന്യാസ്‌ത്രീകൾക്ക് എതിരായ കേസിൽ രാഷ്‌ട്രീയ താൽപര്യങ്ങളില്ലെന്നും കേരള എംപിമാരോട് അമിത് ഷാ പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ അമിത് ഷാ, ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതായാണ് വിവരം. ഇന്നോ നാളെയോ കന്യാസ്‌ത്രീകളുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും എംപിമാർ അറിയിച്ചു. നേരത്തെ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ വിവരം തേടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞദിവസം ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും അമിത് ഷാ തേടിയതായാണ് വിവരം. അതേസമയം, ജയിലിൽ കഴിയുന്ന കന്യാസ്‌ത്രീകൾ നാളെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇതിനിടെ, അറസ്‌റ്റിനെ ന്യായീകരിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി വീണ്ടും രംഗത്തെത്തി.
പോലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നാണ് നടപടികളെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ന്യായീകരിച്ചത്. കന്യാസ്‌ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവതികളെയും മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡ് സർക്കാരിന്റെ സംരക്ഷണാലയത്തിൽ ആയിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. അതിനിടെ, കന്യാസ്‌ത്രീകളുടെ അറസ്‌റ്റിൽ കേരളത്തിൽ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി