ന്യൂഡെൽഹി: അംബേദ്ക്കറെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ല. ലോക്‌സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അംബേദ്ക്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത ഒരു പാർട്ടിയിൽ നിന്നാണ് താൻ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടുപോകുന്ന പാർട്ടിയാണ്. കോൺഗ്രസ് അംബേദ്ക്കർ വിരോധ പാർട്ടിയാണ്. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് രാജ്യത്തെ അപമാനിച്ചത് കോൺഗ്രസാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിന് സാധ്യത തേടും. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.
”ഭരണഘടനാ അംഗീകരിച്ചതിന്റെ 75ആം വാർഷികത്തോട് അനുബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ചർച്ച നടന്നു. കഴിഞ്ഞ 75 വർഷത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ചർച്ചകൾ നടത്തി. പാർട്ടികൾക്കും ജനങ്ങൾക്കും വ്യത്യസ്‌തമായ ആശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളെ കുറിച്ചുള്ള വ്യത്യസ്‌ത കാഴ്‌ചപ്പാട് എപ്പോഴും വസ്‌തുതകളെ അടിസ്‌ഥാനമാക്കിയുള്ളതാണ്.
എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി അപലപനീയമാണ്. മരണത്തിന് മുൻപും ശേഷവും കോൺഗ്രസ് എങ്ങനെയാണ് അംബേദ്ക്കറോട് പെരുമാറിയതെന്ന് എല്ലാവർക്കുമറിയാം. എനിക്ക് ഖർഗെയോട് പറയാനുള്ളത്, ഡോ. ബിആർ അംബേദ്ക്കർ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച സമൂഹ വിഭാഗത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്.
അതിനാൽ, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങൾ പിന്തുണയ്‌ക്കരുത്. രാഹുൽ ഗാന്ധിയുടെ സമ്മർദ്ദം കാരണം നിങ്ങൾ ഇത്തരമൊരു പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് നിരാശയുണ്ട്. കോൺഗ്രസ് അംബേദ്ക്കർ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവും സവർക്കർ വിരുദ്ധവും ഒബിസി വിരുദ്ധവുമാണെന്ന് ഞാൻ ആവർത്തിക്കുന്നു”- അമിത് ഷാ പറഞ്ഞു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ