തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പ്രത്യേക പൂജയും നടത്തും.
തുടർന്ന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11 മണിക്ക് കവടിയാറിൽ വെച്ചാണ് ബിജെപി പ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകീട്ട് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്‌ചയും നടത്തും.
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകീട്ട് ഏഴുമണിയോടെ അദ്ദേഹം ഡെൽഹിയിലേക്ക് മടങ്ങും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിൽ എത്തുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിസവം വ്യക്‌തമാക്കിയിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ചുള്ള നിർണായക തീരുമാനം ഇന്നത്തെ ബിജെപി യോഗത്തിൽ ചർച്ചയായേക്കും. കേരളത്തിൽ ബിജെപിയുടെ എ പ്ളസ്, എ കാറ്റഗറിയിലുള്ള മണ്ഡലങ്ങളിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്യും. അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































