കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ തീരുമാനം കമ്മിറ്റി പിരിച്ചുവിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നുവെന്നും അനന്യ പ്രതികരിച്ചു.
രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്നാണ് സരയു പറയുന്നത്. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അംഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപത്തിനും ആരോപണത്തിനും മറുപടി പറയാതെ പോകുന്നത് വനിതാ അംഗമെന്ന നിലയിൽ വ്യക്‌തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും സരയു പറയുന്നു. പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും സരയു പറഞ്ഞു.
അതേസമയം, ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്‌ഥാനത്ത് തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാൻ പ്രസിഡണ്ട് മോഹൻലാൽ തീരുമാനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ, സിനിമാ മേഖലയെ പ്രശ്‌നങ്ങളിൽ അമ്മ ഫലപ്രദമായി ഇടപെട്ടില്ലെന്ന വിമർശനം നിലനിൽക്കെയായിരുന്നു ഭരണസമിതി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡണ്ട് മോഹൻലാൽ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചിരുന്നു.
‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണനങ്ങളുടെ പശ്‌ചാത്തലത്തിൽ, അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാർമിക ഉത്തരവാദിത്തം മുൻനിർത്തി രാജിവെക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ നിലവിലെ ഭരണസമിതി തുടരുമെന്നും’ മോഹൻലാൽ രാജിക്കത്തിൽ പറയുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി