തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞമാസം മാത്രം മരിച്ചത് 11 പേരെന്ന് ആരോഗ്യവകുപ്പ്. 40 പേർക്കാണ് രോഗം ബാധിച്ചത്. ഈവർഷം 87 പേർക്ക് രോഗം ബാധിച്ചു. ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെ പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് സ്ഥിതി വഷളാക്കി. മസ്തിഷ്ക ജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്.
രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിൽസിച്ച് പരിചയമുളവർക്ക് മാത്രമേ പെട്ടെന്ന് രോഗം തിരിച്ചറിയാനും പരിശോധനയ്ക്ക് നിർദ്ദേശിക്കാനും സാധിക്കുന്നുള്ളൂ.
അതിനാൽ രോഗ നിരീക്ഷണത്തിന് ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വടക്കൻ ജില്ലകളിൽ രോഗം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും. ഏതിനം അമീബയാണ് ബാധിച്ചതെന്ന് കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിൽസ കൂടുതൽ ഫലപ്രദമാക്കാനും കുറയ്ക്കാനും സാധിക്കൂ.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം