തിരുവനന്തപുരം: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതൽ റിപ്പോർട് ചെയ്‌തത് സെപ്‌തംബറിൽ. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്കുകൾപ്രകാരം 71 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈവർഷം 19 മരണമുണ്ടായതിൽ ഒമ്പതെണ്ണവും ഈ മാസമാണ്.
അതേസമയം, രോഗബാധ വർധിക്കുമ്പോഴും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ കഴിയാത്തത് വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിലും വീട്ടുവളപ്പിലെ കിണറുകളിൽ നിന്നുമടക്കം രോഗം പകരുന്നുണ്ട്. വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം.
ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്. ശുദ്ധജലത്തിലും ഇവയുടെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിലും കാണാം.
അതേസമയം, അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ അമിത ആശങ്ക വേണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. ലോകത്ത് 40 ശതമാനം വരെ മാത്രമാണ് രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇത് 70 ശതമാനം വരെയാണ്. കൂടുതൽ ടെസ്‌റ്റ് നടത്തുന്നതുകൊണ്ടാണ് രോഗസ്‌ഥിരീകരണ നിരക്ക് കൂടുന്നത്. രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുക എന്നതും ബുദ്ധിമുട്ടാണ്.
രോഗ കാരണമായ അമീബകളെയും രോഗത്തിന്റെ അപകട ഘടനകങ്ങളെയും കുറിച്ച് പഠനം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ചെന്നൈ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയുമായും ആരോഗ്യമേഖലയിൽ ഗവേഷണം നടത്തുന്ന മറ്റു സ്‌ഥാപനങ്ങളുമായും സഹകരിച്ചാണ് പഠനം നടത്തുന്നത്. സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച അമീബിക് മസ്‌തിഷ്‌ക ജ്വരങ്ങളുടെ അപകട ഘടകങ്ങൾ സംബന്ധിച്ചാണ് എൻഐഇയുടെ സഹകരണത്തോടെയുള്ള പഠനം.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി