കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭനയാണ് (56) മരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ശോഭനയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. അന്ന് മുതൽ അബോധാവസ്ഥായിൽ ആയിരുന്നു. രോഗലക്ഷണങ്ങൾ പ്രകാരം മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും ഉൾപ്പടെ നിലവിൽ പത്തുപേരാണ് രോഗം ബാധിച്ച് കോഴിക്കോട്ട് ചികിൽസയിലുള്ളത്. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
രോഗം ബാധിച്ച് ഇക്കഴിഞ്ഞ ആഴ്ചയും സംസ്ഥാനത്ത് ഒരു മരണം റിപ്പോർട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയും സമീപ ദിവസങ്ങളിൽ മരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരണം വർധിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ളോറിനേഷൻ നടപടികളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം