പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫിസ് ഉപരോധിക്കുകയാണ്. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
ഫോറസ്റ്റ് ഓഫിസറോട് ഇക്കാര്യം സംസാരിച്ചപ്പോൾ, ‘റോഡിലൂടെ എന്തിനു നടക്കാനിറങ്ങി?’ എന്നായിരുന്നു ചോദ്യമെന്ന് നാട്ടുകാർ പറയുന്നു. കുങ്കിയാനക്ക് ഫോറസ്റ്റ് അധികൃതർ നൽകുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആനയാണ് കൊന്നത്. വനം വകുപ്പുകാർ തീറ്റിപ്പോറ്റിയ കാട്ടാനയാണ് ഞങ്ങളെ കൊന്നത്. ആളെ കൊന്നതിൽ ഉത്തരവാദി കാട്ടുമൃഗമല്ല, വനം വകുപ്പാണ്’ എന്നും നാട്ടുകാർ ആരോപിക്കുന്നു.
പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: സജി ചെറിയാന് എതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്ട്രപതി







































