അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിൽ ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർക്ക് ദാരുണാന്ത്യം. തുളസിപാകല ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബസിൽ 35 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു ക്ളീനറും ഉണ്ടായിരുന്നു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. വനനിബിഢമായ മലമ്പ്രദേശത്തിലെ കൊടുംവളവിലൂടെ പോകുമ്പോൾ വാഹനം റോഡിൽ നിന്ന് തെന്നിമാറി ചെരിഞ്ഞ പാതയിലേക്ക് പതിച്ചതായാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌തു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കി.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































