പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ കളക്‌ടർ ഡി ബാലമുരളിയാണ് ആപ്പിന്റെ ലോഗോ പ്രകാശനം ചെയ്‌തത്.
കുടുംബശ്രീ സംരംഭകരിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളില്‍ നിന്നാണ് ഭക്ഷണം അന്നശ്രീ ആപ്പ് വഴി ലഭ്യമാക്കുന്നത്. ഇതിനായി ജില്ലാ ആസ്‌ഥാനമായ പാലക്കാട് നഗരത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീയുടെ അഥിതി സല്‍ക്കാര മേഖലയിലെ പരിശീലന സ്‌ഥാപനമായ ഐഫ്രത്തിന്റെ മോണിറ്ററിംഗ് സംവിധാനം അന്നശ്രീ പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
പാലക്കാട് നഗരത്തില്‍ ആരംഭം കുറിക്കുന്ന പദ്ധതി ഒരു മാസത്തിനകം ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. പദ്ധതി ലക്ഷ്യം വെക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ആധുനിക വല്‍ക്കരണമാണ്. കൂടാതെ കോവിഡ് പശ്‌ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബശ്രീ വഴി സ്‍ത്രീകള്‍ക്ക് കൂടുതല്‍ വരുമാനം നേടാനും പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Read also : ഭാരതപുഴയില്‍ വാഹനമിറക്കി മണലെടുപ്പ്; അനധികൃത മണലെടുപ്പ് തുടരുന്നു







































