ഡെൽഹി: യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർഥികൾ കൂടി ഡെൽഹിയിൽ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ഥികൾ എത്തിയത്.
ഇന്നലെ ഡെൽഹിയിലെത്തിയ 115 മലയാളി വിദ്യാർഥികൾ ഇന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള ചാർട്ടേഡ് എയർ ഏഷ്യ വിമാനത്തിലാണ് വിദ്യാർഥികൾ കൊച്ചിയിലേക്ക് പുറപ്പെടുക.
അതേസമയം ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ഇതിനിടെ യുക്രൈനിൽ ഒൻപതാം ദിവസത്തിലേക്ക് കടന്ന യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്. യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ വ്യോമാക്രമണം നടത്തി. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോർട്.
ഒഡേസ മേഖലയിലും ഏറ്റുമുട്ടൽ തുടരുകയാണ്. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് സ്കൂൾ കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
Most Read: ടാറ്റൂ ആർട്ടിസ്റ്റിനെതിരെ മീ ടു ആരോപണം; പരാതിയില്ലെന്ന് യുവതി