ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്‍പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഗയ്സ്രി പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ചത്. ചൊവ്വാഴ്ച അവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഫോണില്‍ അവരെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. സാധിച്ചില്ല., രാത്രി വൈകി ഒരു ഓട്ടോ റിക്ഷയില്‍ ആകെ അവശയായാണ് അവര്‍ വീട്ടിലേക്ക് കയറി വന്നത്. ഉടനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’ ബലരാംപൂര്‍ എസ് പി ദേവ് രഞ്ജന്‍ വര്‍മ പറഞ്ഞു. യുവതിക്ക് മയക്കുമരുന്ന് നല്‍കിയതിന് ശേഷമായിരുന്നു ക്രൂരത.
സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹത്രാസില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംസ്കാരം രക്ഷിതാക്കളെ വീട്ടില്‍ പൂട്ടിയിട്ടതിന് ശേഷമാണ് പൊലീസ് നടത്തിയത്. ഇതിനെതിരെ രാജ്യത്തെമ്പാടു നിന്നും പ്രതിഷേധം ഉയരുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാര മേറ്റെടുത്തതിന് ശേഷം ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗത്തിനും സ്ത്രീകള്‍ക്കും എതിരായ ആക്രമണങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്.







































