ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലർച്ചെയാണ് സൈനിക പോസ്റ്റിന് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരിക്കേറ്റു. മേഖലയിൽ സുരക്ഷാ ജീവനക്കാരും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. നാല് ദിവസത്തിനിടെ ജമ്മുവിലുണ്ടായ നാലാമത്തെ ഭീകരാക്രണമാണിത്.
മൂന്നോ നാലോ പേരടങ്ങുന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ദോഡയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിൽ രാഷ്ട്രീയ റൈഫിൾസിന്റെ അഞ്ച് സൈനികർക്കും ഒരു സ്പെഷ്യൽ പോലീസ് ഓഫീസർക്കും പരിക്കേറ്റിരുന്നു.
കത്വയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജൂൺ ഒമ്പതിന് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതെന്ന് സംശയിക്കുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു പോലീസ് പുറത്തുവിട്ടു. ഇവരിൽ ഓരോത്തരെയും കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ