പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ

ഇതിനുള്ളിൽ വെച്ച് കമിതാക്കൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന വിശ്വാസവും ശക്‌തമാണ്

By Trainee Reporter, Malabar News
tunnel-of-love
ലവ് ടണൽ
Ajwa Travels

യുദ്ധവുമായി ബന്ധപ്പെട്ട് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് യുക്രൈൻ. റഷ്യയുമായുള്ള യുദ്ധവും ചെർണോബിൽ ആണവ അപകടം ഉൾപ്പടെ വർത്തമാന കാലത്തെ പല സംഭവ-സംഘർഷങ്ങളും നടന്നിട്ടുള്ള യുക്രൈൻ, പ്രകൃതി മനോഹരമായ ഒരു രാജ്യമാണെന്ന് എത്രപേർക്ക് അറിയാം?

മലനിരകളും തടാകങ്ങളും ദേശീയോദ്യാനങ്ങളും സ്‌ഥിതി ചെയ്യുന്ന മനോഹരമായ രാജ്യമാണ് യുക്രൈൻ. ഇവിടുത്തെ ആകർഷണങ്ങളിൽ പ്രശസ്‌തമാണ്‌ ‘ലവ് ടണൽ’ അഥവാ പ്രണയതുരങ്കം. കണ്ണുകൾക്ക് കുളിർമയേകുന്ന ഈ തുരങ്കത്തിന് ഒരുപാട് സവിശേഷതകൾ ഉണ്ട്.

കാട്ടിനുള്ളിൽ ഒരു റെയിൽവേ ലൈൻ. നാലുകിലോമീറ്ററോളം നീളമുണ്ട്‌ ഇതിന്. ഇതിനെച്ചുറ്റി ഒരു തുരങ്കം. ഈ തുരങ്കം നിർമിച്ചിരിക്കുന്നത് കല്ലുകൊണ്ടോ സിമന്റ് കൊണ്ടോ ഒന്നുമല്ല. മറിച്ച് മരങ്ങൾ കൊണ്ടാണ്. എൻജിനിയർമാർ ഡിസൈൻ ചെയ്‌ത്‌ തൊഴിലാളികൾ പണിയെടുത്ത് ഉണ്ടാക്കിയതല്ല ഈ തുരങ്കം. പ്രകൃതിയുടെ വരദാനമാണ് ഈ പ്രണയതുരങ്കം. പച്ചപ്പ് പൊതിഞ്ഞ് നിൽക്കുന്ന ഈ ഇടനാഴി നയനമനോഹരമാണ്.

യുക്രൈനിലെ റിവ്‌നെ മേഖലയിലുള്ള ക്ളെവാൻ ഗ്രാമത്തിലാണ് ഈ തുരങ്കം സ്‌ഥിതി ചെയ്യുന്നത്. 40കളിൽ ശീതയുദ്ധകാലത്ത് ഇവിടുത്തെ നിബിഡ വനത്തിനുള്ളിൽ ഒരു രഹസ്യ സൈനിക താവളം സോവിയറ്റ് യൂണിയൻ സ്‌ഥാപിച്ചു. ഇതിനെ അടുത്തുള്ളൊരു ഫാക്‌ടറിയുമായി ബന്ധിപ്പിക്കാനാണ് റെയിൽവേ ലൈൻ പണിതത്. ശത്രുക്കൾ ഇത് കണ്ടുപിടിക്കാതിരിക്കാനായി റെയിൽവേ ട്രാക്കിനിരുവശത്തും മരങ്ങൾ വെച്ചുപിടിപ്പിച്ചു.

കാലക്രമേണ ഈ മരങ്ങൾ വളർന്നു പന്തലിച്ച് റെയിൽവേ ട്രാക്കിനെ പൊതിഞ്ഞു. അതും ഒരു തുരങ്കത്തിന്റെ ആകൃതിയിൽ. ദിവസേന ഇതുവഴി ഒരു ഗുഡ്‌സ് ട്രെയിൻ പോകുന്നതിനാൽ തുരങ്കത്തിനുള്ളിലേക്ക് മരങ്ങളുടെ ശാഖകൾ വളർന്ന് ആകൃതി നഷ്‌ടപ്പെടാതെ ഇത് തുരങ്കത്തിന്റെ ആകൃതിയിൽ തന്നെ നിന്നു.

പിൽക്കാലത്ത് ശീതയുദ്ധം അവസാനിച്ചു. സോവിയറ്റ് യൂണിയൻ വിഘടിച്ചു. യുക്രൈൻ ഒരു സ്വതന്ത്ര രാജ്യമായി. ഇതോടെ ലവ് ടണൽ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രവുമായി. പല സീസണുകളിൽ ഈ ടണലിലെ മരങ്ങൾക്ക് പല നിരത്തിലുമുള്ള ഇലകൾ വരുന്നത് ലവ് ടണലിനെ ഒന്നുകൂടി മനോഹരമാക്കും. ഇതിനുള്ളിൽ വെച്ച് കമിതാക്കൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന വിശ്വാസവും ഇതിനിടെ ശക്‌തമായി.

ഇക്കാരണം കൊണ്ടുതന്നെ പ്രണയിക്കുന്നവരാണ് ഇവിടെ വരുന്നവരിലധികവും. ഇന്നും ഇതിലൂടെ രണ്ടു ട്രെയിനുകൾ ഓടുന്നുണ്ട്. യുക്രൈൻ തലസ്‌ഥാന നഗരമായ കീവിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് റിവ്‌നെ. ലോകപ്രശസ്‌തമായ ഒരു മൃഗശാലയും ഈ മേഖലയിലുണ്ട്.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE