കൊച്ചി: സംസ്‌ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. സംസ്‌ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാർഗനിർദ്ദേശങ്ങളുടെ പശ്‌ചാത്തലത്തിൽ ചട്ടങ്ങൾ രൂപീകരിക്കണം. റാഗിങ് തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്‌ഥാന നിയമ സേവന അതോറിറ്റിയുടെ ഹരജിയിൽ യുജിസിയെ കക്ഷി ചേർത്തു.
നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ പഠനം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനായി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടത്. സംസ്‌ഥാന- ജില്ലാതല റാഗിങ് വിരുദ്ധ സമിതി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളിൽ നിർവചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി.
ഒറ്റപ്പാലം സ്വകാര്യ ഐടിഐയിൽ പഠിക്കുന്ന വിദ്യാർഥിക്ക് സഹപാഠിയുടെ മർദ്ദനമേറ്റ് മൂക്കിന്റെ എല്ല് പൊട്ടുകയും തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോട്ടയം ഗാന്ധി നഗറിലെ ഗവ.നഴ്‌സിങ് കോളേജിൽ നടന്ന ഞെട്ടിക്കുന്ന റാഗിങ് മർദ്ദനങ്ങളും, പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന ആത്‍മഹത്യയും, തൃപ്പുണിത്തുറ ഗ്ളോബൽ പബ്ളിക് സ്‌കൂളിലെ വിദ്യാർഥിയുടെ ആത്‍മഹത്യയുമെല്ലാം ഈയടുത്ത കാലത്തായി ഉയർന്നുവന്ന റാഗിങ് കേസുകളാണ്.
1998ലാണ് സംസ്‌ഥാന സർക്കാർ കേരള റാഗിങ് നിരോധന നിയമം പാസാക്കുന്നത്. 1997 ഒക്‌ടോബർ 23 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം നിലവിൽ വന്നത്. 2001ൽ റാഗിങ് നിരോധിച്ച് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009ൽ റാഗിങ് തടയുന്നതിനായി യുജിസി ചട്ടങ്ങളും നിലവിൽവന്നു. നിയമത്തിൽ ഒമ്പത് വകുപ്പുകൾ മാത്രമേ ഉള്ളൂവെങ്കിലും അതിൽ വളരെ ശക്‌തമായ നിബന്ധനകളും വ്യവസ്‌ഥകളുമാണ് അടങ്ങിയിട്ടുള്ളത്.
Most Read| അമേരിക്ക തിരിച്ചുവന്നു, പുതിയ വ്യാപാരനയം കൊണ്ടുവരും; ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ’