വാഷിങ്ടൻ: യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. ബൈഡന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ളിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷാ അനുമതിയും നീക്കം ചെയ്‌തവയിൽ ഉൾപ്പെടുന്നു.
2021ൽ അധികാരത്തിലേറിയതിന് പിന്നാലെ ട്രംപിന് ലഭിച്ചിരുന്ന ഇന്റലിജൻസ് ബ്രീഫിങ് ബൈഡൻ പിൻവലിച്ചിരുന്നു. ട്രംപിന്റെ ഏറ്റവും പുതിയ പ്രതികാര നടപടിയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്