മലപ്പുറം: യുഡിഎഫിനെതിരെ വെട്ടിത്തുറന്ന് മുൻ എംഎൽഎ പിവി അൻവർ. യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സ്ഥാനാർഥി ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇനി പ്രതീക്ഷയെന്നും അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിക്കുമെന്നും അൻവർ പറഞ്ഞു.
”മുന്നണി പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുൻകൈ എടുത്തില്ല.
അന്ന് യുഡിഎഫ് കൺവീനറായിരുന്ന എംഎം ഹസൻ ഇക്കാര്യങ്ങൾ വിഡി സതീശനെ ഏൽപ്പിച്ചതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. എന്നാൽ, പിന്നീട് ഇത് സംബന്ധിച്ച് ഒരുവിവരവുമില്ല. പലതവണ വിഡി സതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഈ മാസം 15ന് എറണാകുളത്തുള്ള ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ടു.
അന്ന് പറഞ്ഞത് നാളെ അല്ലെങ്കിൽ മറ്റന്നാൾ വാർത്താസമ്മേളനം വിളിച്ച് പറയുമെന്നാണ്. പത്രക്കുറിപ്പ് കൊടുത്താലും മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ നേരിട്ട് തന്നെ വിശദീകരിക്കണമെന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ, അത് നടന്നില്ല. ഇതിനിടയിൽ കോൺഗ്രസ് നേതൃത്വവുമായും ചർച്ചയ്ക്ക് ശ്രമിച്ചു. പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമാണ് ഒപ്പമുണ്ടെന്ന് അറിയിച്ചത്.
പിണറായി വിജയനെ പുറത്താക്കാനാണ് താൻ രാജിവെച്ചത്. അങ്ങനെ വരുമ്പോൾ അഭിപ്രായ വ്യത്യാസമില്ലാതെ ഒരുമിച്ച് നിന്ന് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നാണ് കരുതിയത്. യുഡിഎഫ് അങ്ങനെ ചെയ്യുമെന്നാണ് കരുതിയത്. ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതൊന്നും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കാര്യത്തിന് തടസമല്ല.
അദ്ദേഹവുമായുള്ള വിഷയം വേറെയാണ്. അത് ഇവിടെ ചർച്ച ചെയ്യേണ്ടതില്ല. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയൊരു ചർച്ചയിലേക്ക് കടക്കുന്നില്ല. എന്നാൽ, സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ട് പോലും പോകരുത്. അൻവർ ഒരു അധികപ്രസംഗിയാണെന്നാണ് ഇപ്പോൾ പറയുന്നത്. ഞാൻ എവിടെയാണ് അധികപ്രസംഗം നടത്തിയത്. ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ യുഡിഎഫ് ഒരു വടിയെ സ്ഥാനാർഥിയായി നിർത്തിയാൽ പോലും കുഴപ്പമില്ല.
സഹകരണ മുന്നണിയാക്കാമെന്ന് സമ്മതിച്ചു. നമ്മൾ ഒരു ചെറിയ പാർട്ടിയല്ലേ അതിനും നമ്മൾ സമ്മതിച്ചു. അതുമതി പ്രശ്നമല്ല. എന്നാൽ, ഇന്നലെയും യുഡിഎഫ് പറഞ്ഞത് അൻവർ വ്യക്തമാക്കട്ടെ എന്നാണ്. ഇതിൽ കൂടുതൽ എനിക്ക് വ്യക്തമാക്കാനില്ല. എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്റെ മുഖത്തേക്ക് ചെളിവാരിയെറിയുകയാണ്. ഇനി കാലുപിടിക്കാനില്ല. ഞാൻ കാലുപിടിച്ചത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്. ഉയർന്ന പീഠത്തിൽ ഇരിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടാകും. ആ പീഠത്തിന് ചവിട്ട് കൊടുത്തിട്ട് ഇറങ്ങിപ്പോന്ന ആളാണ് ഞാൻ”- പിവി അൻവർ വ്യക്തമാക്കി.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലും ഉണ്ടായില്ലെന്നും അൻവർ വിമർശിച്ചു. സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അതുണ്ടായില്ല.
വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന പ്രവർത്തകർക്ക് ബിരിയാണി വെച്ച് നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലായിരുന്നു. ഫലം വന്ന ശേഷം പോലും അദ്ദേഹത്തെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സിപിഎമ്മിൽ ചേർന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































