മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാവാത്ത നാലുപേരടക്കം ഏഴുപേരാണ് പിടിയിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ് നിഷാൽ എന്നിവരും പ്രായപൂർത്തിയാവാത്ത മറ്റ് നാലുപേരുമാണ് മലപ്പുറത്തെ തിരൂരിൽ നിന്ന് പിടിയിലായത്.
പ്രത്യേക ആപ് വഴി സ്വവർഗരതിക്കായി ആളുകളെ ക്ഷണിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. പൂക്കയിൽ സ്വദേശിയിൽ നിന്ന് 85,000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ ആപ് ഡൗൺലോഡ് ചെയ്‌ത് പല ആളുകളുമായി ചാറ്റ് ചെയ്യും.
ശേഷം സ്വവർഗരതിക്ക് പണവും സ്‌ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ ക്ഷണിച്ച് വരുത്തും. പിന്നീട് പ്രതികൾ വീഡിയോ എടുത്ത് പോലീസിനെയും ബന്ധുക്കളെയും കാണിക്കുമെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് തട്ടിപ്പിന് ഇരയാകുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. അതേസമയം, പ്രതികളെ മൊബൈൽ ഫോൺ വിറ്റ തിരൂരിലെ ഗൾഫ് മാർക്കറ്റിൽ എത്തിച്ച് തളിവെടുപ്പ് നടത്തി.
Read Also: പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി







































