ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാർ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്പെൻസ് ത്രില്ലറിലാണ് ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് എത്തുന്നത്.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തമിഴ്നാട്ടിൽ പുരോഗമിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാണ് അപ്പാനി ശരത്ത്. ഈ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച ശരത്തിന് പിന്നീട് മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് ചെന്നൈ സിനിമാലോകത്തേക്ക് ചേക്കേറിയ താരത്തിന് തമിഴിലും ഒട്ടേറെ ചിത്രങ്ങളാണ് ലഭിച്ചത്.

ഇതോടെ തമിഴിലും മലയാളത്തിലും അപ്പാനി ശരത്ത് ശ്രദ്ധേയതാരമായി മാറി. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന് ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിന്, ലൗ എഫ് എം തുടങ്ങിയ സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസ്, അമല എന്ന തമിഴ് ചിത്രത്തിലുമൊക്കെ ശരത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
മിഷന് സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസും അപ്പാനി ശരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഈയിടെ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ജെല്ലിക്കെട്ട് കാളകള്‍ക്കൊപ്പമുള്ള അപ്പാനി ശരത്തിന്റെ ചിത്രം, ചിത്രീകരണം പുരോഗമിക്കുന്ന ജെല്ലിക്കെട്ട് പാശ്ചാത്തലത്തിലുള്ള സിനിമയിൽ നിന്നാണ്. ഇതും ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്.

‘ദക്ഷിണേന്ത്യയിലെ മികച്ച നടന്മാരിലൊരാളായ ശശികുമാര്‍ സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്‘ അപ്പാനി ശരത്ത് പ്രതികരിച്ചു. ‘അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവം ഏറെ സന്തോഷകരമാണ്. അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ് അതെല്ലാം. ആ ചിത്രവും വളരെ മികച്ച ഒരു പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം. ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും‘ അപ്പാനി ശരത്ത് പറഞ്ഞു.
അനീസ് സംവിധാനം ചെയ്യുന്ന പഗൈവനുക്ക് അരുവൈ എന്ന സിനിമക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ശശികുമാര്‍ നായകനാകുന്ന എംജിആര്‍ മഗന് എന്ന ചിത്രം ഉടൻ റിലീസ് ഉണ്ടാകും. സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശശികുമാര്‍. മാസ്റ്റേഴ്സ് എന്ന മലയാള സിനിമയിലും ശശികുമാര്‍ അഭിനയിച്ചിരുന്നു.

ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. രാജ് ഭട്ടാചാര്‍ജി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സി എസ്, എഡിറ്റര്‍ ശ്രീകാന്ത് എന്‍ ബി എന്നിവരാണ്.
മാദ്ധ്യമ പ്രവർത്തകനും സിനിമാ പിആർഒയുമായ പിആര്‍ സുമേരനാണ് വാർത്ത തയാറാക്കിയത്.
Most Read: ‘സര്‍ദാര്‍’ സെറ്റില്‍ ആറ് പേര്‍ക്ക് കോവിഡ്