കനേഡിയൻ നിർമാണ കമ്പനിയായ ക്യാന്റ്‌ലൂപ്പ് മീഡിയയുടെ ബാനറില്‍ മലയാളത്തിന്റെ യുവനടന്‍ അപ്പാനി ശരത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മോണിക്ക‘ വെബ്‌സിരീസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.
താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. അപ്പാനി ശരതും ഭാര്യ രേഷ്‌മയും കേന്ദ്രകഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നു എന്ന കൗതുകം കൂടിയുണ്ട് ‘മോണിക്ക‘ വെബ്‌സിരീസിന്.
കുടുംബ സദസുകളെ ലക്ഷ്യമിട്ട് ഒരുക്കുന്ന സീരീസ് ചിരിച്ചുകൊണ്ട് ആസ്വദിക്കാൻ കഴിയുന്നതായിരിക്കും. പ്രശസ്‌ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ്‌സിരീസ് എന്ന പുതുമയും സീരീസിനുണ്ട്.
‘കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്ക ഉടനെ പ്രേക്ഷകരിലേക്കെത്തും. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്‌ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതായിരിക്കും മോണിക്ക. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് സീരീസിന്റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ അടിസ്‌ഥാന പ്രമേയം‘ – ശരത് വ്യക്‌തമാക്കി.
‘ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്‘ –അണിയറ പ്രവർത്തകർ പറഞ്ഞു.
അപ്പാനി ശരതും ഭാര്യ രേഷ്‌മാ ശരതും കൂടാതെ, സിനോജ് വർഗീസ്, മനു എസ് പ്‌ളാവില, കൃപേഷ് അയ്യപ്പന്‍കുട്ടി (കണ്ണന്‍), ഷൈനാസ് കൊല്ലം എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍. നിർമാണ നിർവഹണം വിഷ്‌ണുവും തിരക്കഥ, സംഭാഷണം മനു എസ് പ്‌ളാവിലയും, ക്യാമറ സിബി ജോസഫുമാണ് കൈകാര്യം ചെയ്യുന്നത്. പിആര്‍ സുമേരന്‍ പിആര്‍ഒ ചുമതല നിർവഹിക്കുന്നു.
Most Read: ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ